ദുരന്തത്തെ ഒന്നിച്ച് അതിജീവിക്കും; പുതിയ കേരളത്തിനായി വിപുലമായ ധനസമാഹരണം- മുഖ്യമന്ത്രി

പ്രളയത്തെ അതിജീവിക്കാനുള്ള വിഭവസമാഹരണമാണ് ഇനി നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി. ഒരുമിച്ചു നിന്നാല്‍ നേരിടാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ധനസമാഹരണം വിപുലമാക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്, യു.കെ, സിങ്കപ്പൂര്‍ തുടങ്ങി എല്ലാ വിദേശരാജ്യങ്ങളിലെ മലയാളികള്‍ നിന്നും ഫണ്ട് ശേഖരിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്തും.

സംസ്ഥാനത്ത് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ധനസമാഹരണം നടത്തുക. മന്ത്രിമാര്‍ നേരിട്ട് ഇതിന്റെ ചുമതല വഹിക്കും. ജില്ലകളില്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കും. പ്രാദേശിക കേന്ദ്രങ്ങള്‍ ഫണ്ട് സമാഹരണത്തിന്റെ കേന്ദ്രമാക്കും. മന്ത്രിമാര്‍ നേരിട്ട് സ്വീകരിക്കും. വ്യക്തികള്‍, സംഘടനകള്‍,സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരില്‍ നിന്നും സ്വീകരിക്കും. ഇത് കാര്യക്ഷമമാക്കാന്‍ സപ്തംബര്‍ മൂന്നിന് എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍മാര്‍ വകുപ്പു മേധാവികളുടെ യോഗം വിളിക്കും. ആ യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുക്കും. കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കാണ്.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സപ്തംബര്‍ പതിനൊന്നിന് ധനസമാഹരണം നടത്തും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പെടും.

ചെറുകിട കച്ചവടക്കാരെ കണക്കെടുപ്പില്‍ ഉള്‍പെടുത്തും. ഇവര്‍ക്ക് പെട്ടന്നു വായ്പാ ലഭിക്കാനുള്ള പദ്ധതി നടപ്പിലാക്കും. പത്തു ലക്ഷം രൂപ വരെയുള്ള വായ്പാ ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കാനാണ് തീരുമാനം. സ്വയം സഹായ പദ്ധതി, കുടുുംബ ശ്രീ തുടങ്ങിയവയും ഇവരില്‍ ഉള്‍പെടും. നശിച്ച വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ബാങ്കുകളില്‍ നിന്ന് ലഭ്യമാവും. ഇതിന്റെ പലിശ സര്‍ക്കാറാണ് വഹിക്കുക. കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. കുടുംബശ്രീ അംഗമല്ലാത്തവര്‍ക്ക് നേരിട്ട് വായ്പ നല്‍കും. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സേര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും.

സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ കെ.പി.എം.ജി എന്ന അന്തരാഷ്ട്ര കണ്‍സല്‍ട്ടസി സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് സ്വീകരിക്കും. തീര്‍ഥാടന കാലത്തിനു മുമ്പ് ശബരിമല പമ്പ പുനര്‍നിര്‍മിക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കും.

പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ എല്ലാവരും സഹകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പലരും കഴിനവിനപ്പുറം സമാഹരിക്കുന്നു. ഇത് ഏറെ ആത്മവിശ്വാസം പകരുന്നതാണ്. നാല് ലക്ഷത്തി പതിനേഴായിരം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. മറ്റു പലതിലുമെന്ന പോലെ മഹാദുരന്തത്തെ അതി ജീവിക്കുന്നതിലും കേരളത്തിന് മാതൃകയാവാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *