ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു


പശ്ചിമേഷ്യയിൽ ഇസ്റാഈൽ-അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നതിനിടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റർനാഷണൽ എയർപോർട്ട് (DXB) എല്ലാ സർവീസുകളും നിർത്തിവെച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തി വെക്കുന്നതായി അധികൃതർ പ്രഖ്യാപിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.


അബുദാബിയിലും ദുബായിലും മിസൈൽ ആക്രമണങ്ങളും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചത്. ഇതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും യാത്രക്കാർ ദുബായിൽ കുടുങ്ങുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാന സർവീസുകളെ ഇത് ബാധിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരും ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.


യു എ ഇയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടുണ്ട്. മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും സാന്നിധ്യം സിവിൽ വിമാനങ്ങൾക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് ഈ നടപടി.



Sharing is Caring