ദീപ അണ്ണാ ഡിഎംകെയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു: ശശികലയുടെ ഭര്‍ത്താവ്


തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ വൈകാതെ അണ്ണാ ഡിഎംകെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ദീപ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടരാജന്റെ പ്രതികരണം.


ദീപയും അവരുടെ സഹോദരന്‍ ദീപക്കും ഞങ്ങളുടെ കുട്ടികളാണ്. ചില രാഷ്ട്രീയക്കാര്‍ ദീപയെ തെറ്റിദ്ധരിപ്പിച്ചതാണ്. വൈകാതെ ദീപ അണ്ണാ ഡിഎംകെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയിലെ ഒരുവിഭാഗം അണ്ണാ ഡിഎംകെയില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, അതു നടക്കില്ല- നടരാജന്‍ പറഞ്ഞു.


അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരമാണു രാഷ്ട്രീയ പ്രവേശനമെന്ന് ദീപ പറഞ്ഞിരുന്നു.
പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24നു പ്രഖ്യാപിക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു. ശശികല പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയതിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഈ അവസരം മുതലെടുക്കാനാണ് ജയലളിതയുമായി രൂപസാദൃശ്യമുള്ള ദീപയുടെ ശ്രമം.

ജയലളിതയുടെ സ്ഥാനത്തു മറ്റൊരാളെ അംഗീകരിക്കാന്‍ തനിക്കാകില്ല. തന്റെ മുന്നില്‍ രണ്ടു കാര്യങ്ങളാണുള്ളത് – ഒന്നുകില്‍ അണ്ണാ ഡിഎംകെയില്‍ ചേരുക. അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുക. തന്നെ പിന്തുണയ്ക്കുന്നവരോട് ആലോചിച്ചു തീരുമാനമെടുക്കുമെന്നാണ് ദീപയുടെ നിലപാട്.



Sharing is Caring