ദിലീപിന്റെ ജാമ്യാപേക്ഷ 26ലേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26ലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. അപേക്ഷ പരിഗണിക്കുന്ന 26ന് സര്‍ക്കാര്‍ മറുപടി പറയും.

ജാമ്യഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സാ‍ഹചര്യം മാറിയിട്ടില്ലെങ്കില്‍ ജാമ്യം പരിഗണിക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താൻ അറസ്റ്റിലായ 60 ദിനങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും രൂക്ഷ ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു.

മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് പോലെ താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മേഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *