നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ജൂലൈ 24ന് ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്.

മാധ്യമങ്ങളെയും പൊലിസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുഷ്ടലാക്കോടെ തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാലാണ് കേസില്‍ അറസ്റ്റിലായതെന്ന് ഹരജിയില്‍ പറയുന്നു. പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്നെ തകര്‍ക്കാനുള്ള എളുപ്പവഴിയായി ചിലര്‍ കണ്ടെത്തിയതാണ് ഈ കേസ്.
140 സിനിമകളില്‍ അഭിനയിച്ച് ജനപ്രിയനായി മാറിയ തന്നെ ഒറ്റരാത്രികൊണ്ട് വില്ലനായി ചിത്രീകരിച്ചു.
ഇത്തരം നടപടികള്‍ നിയമപരമല്ലെന്നും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമാണ് ഹരജിയിലെ വാദം. ജൂലൈ പത്തിനാണ് ദിലീപിനെ പൊലിസ് അറസ്റ്റ് ചെയ്തത്













