ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് രാജുവിനെ രക്ഷിക്കാന്‍ നീക്കമെന്ന്


ദാസ്യപ്പണി ആരോപണത്തില്‍ നിന്ന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി. രാജുവിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. രാജുവിനെതിരെ നടപടി വേണമെന്ന ഡി.ജി.പിയുടെ ശിപാര്‍ശ അട്ടിമറിച്ചെന്നാണ് ലഭിക്കുന്ന വിവരം.


ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടില്‍ ടൈല്‍സ് പണിക്കായി എസ്.എ.പി ക്യാമ്ബിലെ ദിവസ വേതനക്കാരായ ക്യാമ്ബ് ഫോളവേഴ്സിനെ പി.വി. രാജു ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ സഹിതം ക്യാമ്ബ് ഫോളവേഴ്സ് ഡി.ജി.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് രാജുവിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തു. എന്നാല്‍, ആദ്യം അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.


ബറ്റാലിയന്‍ ഐ.ജി. ജയരാജ് നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നും മുമ്ബും സമാന രീതിയില്‍ ക്യാമ്ബ് ഫോളവേഴ്സിനെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഉപയോഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് രാജുവിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് ശിപാര്‍ശ ചെയ്തു. ശനിയാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.വി. രാജു അപേക്ഷ നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.



Sharing is Caring