ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം നാളെ തുടങ്ങും


ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനം ശനിയാഴ്ച ആരംഭിക്കും. ബംഗ്ളാദേശ് വ്യോമയാന, ടൂറിസംമന്ത്രിയും നേപ്പാള്‍ മുന്‍ധനമന്ത്രിയും സമ്മേളനത്തില്‍ പങ്കെടുക്കും. നേപ്പാളില്‍നിന്ന് രണ്ടും ശ്രീലങ്കയില്‍നിന്ന് ഒരു പാര്‍ലമെന്റ് അംഗവും എത്തും. സിപിഐ എം, സിപിഐ ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന സമ്മേളനം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹ്യസ്ഥിതി ചര്‍ച്ചചെയ്യും. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലാണ് രണ്ട് ദിവസത്തെ സമ്മേളനം.


ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ്, ഇടതുപക്ഷപാര്‍ടികളുടെ പ്രതിനിധികള്‍ അടക്കം 27 പേര്‍ പങ്കെടുക്കും. വിദേശരാജ്യങ്ങളില്‍നിന്ന് 13 ഉം സിപിഐ എമ്മിന്റെ ഏഴ് പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം 11 പ്രതിനിധികളും സിപിഐ ജനറല്‍ സെക്രട്ടറിയും ദേശീയസെക്രട്ടറിയും അടക്കം മൂന്നുപേരും പ്രതിനിധികളാണ്. പാകിസ്ഥാനില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അവാമി വര്‍ക്കേഴ്സ് പാര്‍ടിയുടെയും പ്രതിനിധികള്‍ താല്‍പ്പര്യം അറിയിച്ചിരുന്നുവെങ്കിലും വിസ നല്‍കിയില്ല.
ബംഗ്ളാദേശ് വ്യോമയാന, ടൂറിസം മന്ത്രി റാഷദ് ബാന്‍ മേനന്‍ ബംഗ്ളാദേശ് വര്‍ക്കേഴ്സ് പാര്‍ടിയുടെ ചെയര്‍മാനാണ്. ബംഗ്ളാദേശ് വിമോചന പോരാട്ടത്തിലും തുടര്‍ന്ന് 1990ല്‍ പട്ടാള ഭരണത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി.നേപ്പാള്‍ മുന്‍ ധനമന്ത്രിയായ സുരേന്ദ്രപ്രസാദ് പാണ്ഡെ സിപിഎന്‍-യുഎംഎല്‍ കേന്ദ്രകമ്മിറ്റി അംഗമാണ്. മാധവകുമാര്‍ നേപ്പാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. നേപ്പാളില്‍ നിന്നുള്ള യുസിപിഎന്‍ എം പ്രതിനിധികളായ റാം കാര്‍ക്കി, ലക്ഷ്മണ്‍ പന്ത് എന്നിവരും പാര്‍ലമെന്റ് അംഗങ്ങളാണ്.
ശ്രീലങ്കയിലെ ഇടതുപക്ഷപാര്‍ടിയായ ജനതാ വിമുക്തി പെരമുനയിലെ ബിമല്‍ രത്നായകെയാണ് സമ്മേളനത്തിനെത്തുന്ന മറ്റൊരു പാര്‍ലമെന്റ് അംഗം. ഡോ. ഡി പി ധാമികയും ഈ പാര്‍ടിയെ പ്രതിനിധീകരിക്കുന്നു. ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികളായി പ്രേമദാരാ ദിസനായകയെയും പളനിയാണ്ടി സുബ്രഹ്മണ്യനും പങ്കെടുക്കും. ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികളായ ഷഹീന്‍ റഹ്മാനും സാബ്രിനാ ഷംസദും വ്യാഴാഴ്ച കൊച്ചിയിലെത്തി.
ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി, ദേശീയസെക്രട്ടറി ഡി രാജ, ദേശീയപാര്‍ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍ രാജിംവാലെ എന്നിവരാണ് സിപിഐ പ്രതിനിധികള്‍.




Sharing is Caring