തോല്‍വി: സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രളയം

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ പൊളിച്ചെഴുത്തിന് വഴിവെച്ചേക്കും. അനുകൂല സാഹചര്യമുണ്ടായിട്ടും വിജയിക്കാനാകാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുലിന് പരാതി ചെന്നുകഴിഞ്ഞു.

കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡിലേക്ക് പരാതി പ്രളയമാണ്. സംഘടനാപരമായ ദൗര്‍ബല്യവും തോല്‍വിക്ക് കാരണമായതായി പരാതിയില്‍ പറയുന്നു. താഴേത്തട്ടിലുള്ള പ്രചാരണം ഫലപ്രദമാകാത്തത് യുഡിഎഫ് പരാജയത്തിന് കാരണമായി വിലയിരുത്തിയിട്ടുണ്ട്.സ്ഥാനാര്‍ഥിയായിരുന്ന ഡി വിജയകുമാറും ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. പല ബൂത്തുകളിലും ഏജന്റുമാര്‍ പോലുമില്ലായിരുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടിട്ടുണ്ട്. 90 ശതമാനം ബൂത്തു പ്രസിഡന്റുമാരേയും തിരഞ്ഞെടുത്തെന്ന് കെപിസിസി പ്രസിഡന്റ് അവകാശപ്പെടുമ്ബോഴും ഈ തിരഞ്ഞെടുപ്പ് എങ്ങുമെത്തിയിട്ടില്ല എന്നതാണ് വാസ്തവം.

തോല്‍വിയോടെ പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തയാഴ്ച തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ്, മുന്നണി കണ്‍വീനര്‍, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി ഈ മൂന്നും ചേര്‍ത്ത് ഒന്നിച്ച്‌ പ്രഖ്യാപനം വരാനാണ് സാധ്യത.ഗ്രൂപ്പിന്റെ നോമിനിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് എ വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതോടൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും പരിഗണനയില്‍ വന്നേക്കാം. ഐ ഗ്രൂപ്പില്‍ നിന്ന് വി ഡി സതീശന്‍, കെ. സുധാകരന്‍ എന്നീ പേരുകള്‍ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കാന്‍ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നു. കെ.സുധാകരന്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അദ്ദേഹം മുന്നണി കണ്‍വീനറാകുമെന്ന് ഉറപ്പാണ്.

പ്രസിഡന്റിന് പുറമെ സാമുദായിക സമവാക്യം പാലിക്കാനായി മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരു വര്‍ക്കിങ് പ്രസിഡന്റിനേയും നിയോഗിച്ച്‌ കൂടായ്കയില്ല. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരുടെ അഭിപ്രായവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഇവരെയൊന്നും പരിഗണിക്കാതെ കെ മുരളീധരനെ പ്രധാന പദവിയിലേക്ക് കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശിനെ തത്കാലം മാറ്റാനിടയില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കാക്കി പിന്നീട് അവിടെയും ഇളക്കി പ്രതിഷ്ഠ വന്നുകൂടായ്കയില്ല

നിരവധി തവണ ലോക്‌സഭയിലും രണ്ട് ടേം രാജ്യസഭയിലും പൂര്‍ത്തിയാക്കിയ പി.ജെ കുര്യന് വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായം ആന്റണിയും രമേശും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവാക്കളില്‍ ഒരാള്‍ക്ക് അവസരം നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചത്. രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 10 ദിവസമേ ശേഷിക്കുന്നുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *