തോല്‍വിക്ക് കാരണം ജോസിന്‍റെ പക്വതയില്ലായ്മയെന്ന് പി.ജെ.ജോസഫ്


തൊടുപുഴ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോൽവിക്ക് പ്രധാനകാരണം പക്വതയില്ലായ്മയെന്ന് പി ജെ ജോസഫ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമെന്ന് പി ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ് കുറ്റപ്പെടുത്തി.


പാലായില്‍ രണ്ട് കൂട്ടരും പ്രശ്നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു. തോൽവിയുടെ കാരണം യുഡിഎഫ് പഠിക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.


54 വർഷം കെ എം മാണി പ്രതിനിധീകരിച്ച മണ്ഡലത്തിൽ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാൽ, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ​ഗൗരവകരമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരള കോൺഗ്രസ് പാർട്ടിയിൽ മാണി സാറിന്‍റെ മരണത്തെ തുടർന്നുള്ള സ്ഥാന ചർച്ചകൾ വിജയിക്കാതെ വന്നപ്പോൾ പല മധ്യസ്ഥൻമാരും ഇടപെട്ടു. കേരള കോൺഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങൾ പ്രധാനമായും ചെയർമാനും വർക്കിങ് ചെയർമാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാൻ ഒരു കൂട്ടര്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.

അതേസമയം, പരാജയം കൊണ്ട് പതറില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വീഴ്ചകൾ തിരുത്തുമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.



Sharing is Caring