തോറ്റതിന് പിന്നാലെ രോഹിത് ശർമ്മക്ക് പിഴയും

ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അമ്പയർ പിഴ ചുമത്തിയത്. 12 ലക്ഷമാണ് പിഴത്തുക. ഈ സീസണിൽ രോഹിതിന്റെ ആദ്യത്തെ പിഴയാണിത്. ഐ.പി.എൽ മാർഗനിർദേശ പ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ആദ്യ അവസരത്തിൽ 12 ലക്ഷമാണ് പിഴ. ഇതേ തെറ്റ് രണ്ടാമതും ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. മൂന്നാമതും ആവർത്തിച്ചാൽ നായകന് പിഴ 30 ലക്ഷമാകും. ഓരോ തവണയും ടീം അംഗങ്ങളും പിഴയൊടുക്കണം. നേരത്തെ ചെന്നൈ സൂപ്പർകിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണിക്കും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ചുമത്തിയിരുന്നു.ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു ധോണിക്ക് പിഴ ചുമത്തിയത്. അതേസമയം മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍പിച്ചത്. സീസണിലെ മൂന്നാം ജയമായിരുന്നു ഡല്‍ഹിയുടേത്. മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടക്കുകയായിരുന്നു. 42 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.. സ്റ്റീവ് സ്മിത്ത് 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ധവാനും സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 53 റണ്‍സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈക്ക് സ്‌കോര്‍ ചെയ്യാനായത് 137 റണ്‍സ് മാത്രം. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *