തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന, സിപിഐഎം കടുത്ത നിലപാടിലേക്ക്


തിരുവനന്തപുരം: കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐഎം കടുത്ത നിലപാടിലേക്ക്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയേക്കും. സിപിഐഎം എന്ത് നിലപാട് എടുത്താലും അംഗീകരിക്കാനാണ് എന്‍സിപി തീരുമാനം.ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെട്ട സാഹചര്യത്തില്‍ തോമസ് ചാണ്ടിയ്ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായുണ്ടാകുന്ന വിവാദ പ്രസ്താവനകളോട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്.


ഭൂവിവാദങ്ങളില്‍ വരും ദിവസങ്ങളില്‍ സിപിഐഎം നിലപാട് കടുപ്പിക്കും. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുന്നതിന് മുന്‍പ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യതയുള്ളത്.വിവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ജനജാഗ്രതാ യാത്രയില്‍ കുട്ടനാട്ടില്‍ വെച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.


ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ വെച്ച്‌ നല്‍കിയ സ്വീകരണത്തിലായിരുന്നു തോമസ് ചാണ്ടി വെല്ലുവിളിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തി ജാഥാക്യാപ്റ്റനായ കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള നടപടി.

വേങ്ങര ഉപതെരഞ്ഞെടുപ്പും ജനജാഗ്രതായാത്രയും പൂര്‍ത്തിയായതോടെയാണ് തോമസ് ചാണ്ടി വിഷയത്തില്‍ നടപടികളിലേക്ക് കടക്കാന്‍ സിപിഐഎം തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ജനജാഗ്രത യാത്രയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗത്തിലുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി ശാസിച്ചത്. മന്ത്രിസഭായോഗത്തിന് ശേഷം ക്യാബിനിലേക്ക് വിളിച്ചുവരുത്തിയാണ് തോമസ് ചാണ്ടിയുടെ പരാമര്‍ശങ്ങളിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി അറിയിച്ചത്.
ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിച്ചാല്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഗുണകരമാകില്ലെന്ന വിലയിരുത്തലും ശക്തമാണ്. ഇതോടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തോമസ് ചാണ്ടിക്ക് നിര്‍ണ്ണായകമാകും. സോളാര്‍ വിഷയത്തില്‍ എന്തുനിലപാട് സ്വീകരണമെന്ന കാര്യത്തിലും സെക്രട്ടറിയേറ്റ് യോഗം തീരുമാനം എടുക്കും.



Sharing is Caring