തോമസ് ചാണ്ടിക്ക് ഉടൻ അവസരമില്ല,ശശീന്ദ്രന് പകരം മന്ത്രി ഉടനുണ്ടാകില്ല


ഫോൺസെക്സ് ട്രാപ്പിൽ കുടുങ്ങി രാജി വച്ച എൻസിപി മന്ത്രി ശശീന്ദ്രന് പകരം മന്ത്രി ഉടൻ ഉണ്ടാകില്ലെന്ന് സൂചന.എൻസിപിയുടെ അവശേഷിക്കുന്ന എംഎൽഎ തോമസ് ചാണ്ടി സർക്കാരിൽ വരുന്നതിനോട് സർക്കാരിലെ ഉന്നതർക്ക് താത്പര്യക്കുറവുണ്ട്.തത്കാലം ഗതാഗത വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാനാണ് സാധ്യത.


നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മന്ത്രിസഭയിൽ എൻസിപി മന്ത്രിയാരെന്നതിനെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.കുട്ടനാട് മത്സരിച്ച തോമസ് ചാണ്ടി മന്ത്രി സ്ഥാനത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു.എന്നാൽ മന്ത്രിസഭാ രൂപവത്കരണ ഘട്ടത്തിൽ എകെ ശശീന്ദ്രൻ മന്ത്രിസഭയിലെത്തി. ഇപ്പോൾ അദ്ദേഹം രാജി വച്ച പശ്ചാത്തലത്തിൽ ഉടനെ മന്ത്രിയെ നിയോഗിക്കാൻ എൻസിപിയും അവകാശവാദം ഉന്നയിക്കാൻ സാധ്യതയില്ലെന്നാണ് കേൾക്കുന്നത്.


പരാതിക്കാരിയില്ലാത്ത ആരോപണത്തിലാണ് ശശീന്ദ്രന്‍റെ രാജി.അതു പൂർണമായും ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് താനും.നിയമപരമായ ആനുകൂല്യം ശശിന്ദ്രനു ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ.അങ്ങിനെയെങ്കിൽ പുതിയ മന്ത്രി വേണ്ടെന്ന തീരുമാനത്തിനാണ് പിന്തുണ കൂടുതൽ.ഇപി ജയരാജനും ശശീന്ദ്രനും രാജി വച്ച പശ്ചാത്തലത്തിൽ മന്ത്രിസഭയിലെ മലബാറിന്‍റെ പ്രാതിനിധ്യത്തിലും കുറവുണ്ടായിട്ടുണ്ട്.



Sharing is Caring