തൊഴില്‍ നഷ്ടം: ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കേരളം വിടുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. വെള്ളപ്പൊക്കം മൂലം ജോലി നഷ്ടപ്പെട്ടതിനാല്‍ എങ്ങനെയും നാട്ടിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൂട്ടത്തോടെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ തമ്പടിച്ചിരിക്കുന്നത്.

കിട്ടുന്ന ട്രെയിനുകളില്‍ കയറിപ്പറ്റാനുള്ള ഇടിയാണ് സ്റ്റേഷനില്‍. കോട്ടയം ജില്ലയില്‍ നിന്നുള്ള വിവിധ കോളെജുകള്‍ അടച്ചതോടെ മലബാര്‍ ഭാഗത്തേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളും സംഘമായി എറണാകുളത്തേക്ക് വരുന്നുണ്ട്. കേരളത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പട്‌ന സ്വദേശിയായ രാജു പറഞ്ഞു. തൊഴിലുടമയുടെ വീട് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ജോലി ചെയ്തതിന്റെ പണം പോലും വാങ്ങാതെയാണ് രാജു തിരികെ പോകുന്നത്.

കൊച്ചിയിലെത്തിയ ശേഷം എടിഎമ്മില്‍ നിന്ന് സുഹൃത്ത് എടുത്തു നല്‍കിയ പണവുമായാണ് രാജു സ്റ്റേഷനിലെത്തിയത്. ചെന്നൈയില്‍ നിന്ന് പട്‌നയ്ക്ക് ട്രെയിന്‍ കാണുമെന്ന ധൈര്യത്തിലാണ് യാത്ര. വെള്ളപ്പൊക്കം തൊഴിലാളികള്‍ക്കിടയില്‍ വന്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പല സ്ഥലത്ത് ഒരു മാസം കഴിഞ്ഞു വന്നാല്‍ മതിയെന്ന് തൊഴിലുടമങ്ങള്‍ നിര്‍ദേശിച്ചുവെന്ന് പറയുന്നു. എന്നാല്‍, വെള്ളം ഇറങ്ങിയാലും ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞേ തൊഴിലാളികള്‍ മടങ്ങിയെത്തുകയുള്ളൂ. ചിലര്‍ തിരിച്ചു വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. പെരുമ്പാവൂരിലെ ഇതരസംസ്ഥാന ക്യാംപുകള്‍ പലതും അടച്ചതോടെ കൂട്ടമായാണ് തൊഴിലാളികള്‍ സ്‌റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അങ്കമാലി, ആലുവ സ്‌റ്റേഷനില്‍ കുടുങ്ങിയവരും എറണാകുളത്തേക്ക് പോയതായി അങ്കമാലി സ്‌റ്റേഷന്‍ മാസ്റ്റര്‍ മോഹന്‍ദാസ് പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി സ്റ്റേഷനില്‍ അഭയം തേടിയെത്തിയ പതിനായിരത്തിലധികം പേര്‍ക്ക് മലബാര്‍ കള്‍ച്ചര്‍ സെന്റര്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണത്തിനായി രാത്രി വൈകിയും നീണ്ട വരിയായിരുന്നു. നെയ്‌ച്ചോര്‍, പരിപ്പ്കറി, ചപ്പാത്തി, വെജിറ്റബിള്‍ കറി എന്നിവയാണ് വിതരണം ചെയ്തത്. നഗരത്തിലെ പല ഹോട്ടലുകളും അവരുടെ അടുക്കള തങ്ങള്‍ക്ക് വിട്ടുനല്‍കിയതായി കള്‍ച്ചറല്‍ സെന്റര്‍ ജന. സെക്രട്ടറി മുഹമ്മദ് കമ്‌റാന്‍ പറഞ്ഞു. തന്‍വീര്‍, അനീഷ്, സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ മൂന്നും നാലും തവണ ചപ്പാത്തി വാങ്ങി ബാഗുകളിലാക്കി യാത്രയ്ക്കായി ശേഖരിച്ചു.

ഇന്നലെ എറണാകുളത്ത് നിന്നുണ്ടായിരുന്ന രണ്ട് ചെന്നൈ സ്‌പെഷലുകള്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവസാന നിമിഷം ഹൗറയിലേക്ക് ഓടിച്ചു. ശനി രാത്രി 9.30ന് ചെന്നൈയിലേക്ക് ഒരു ട്രെയിനോടിച്ചിരുന്നു. 11.40ന്റെ ഗുരുവായൂര്‍ ചെന്നൈയും നിറഞ്ഞു പോയെങ്കിലും വീണ്ടും ആയിരങ്ങളാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. ഇവര്‍ക്കായി പുലര്‍ച്ചെ രണ്ട് മണിക്ക് മറ്റൊരു ചെന്നൈ സ്‌പെഷലും ഓടിച്ചു.

സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറി കണ്‍ട്രോള്‍ റൂമാക്കി മാറ്റിയായിരുന്നു റെയില്‍വെയുടെ പ്രവര്‍ത്തനം. ഏരിയ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കെ.പി.ബി പണിക്കര്‍, കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

സ്റ്റേഷനുകള്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലായി മാറിയിരിക്കയാണെന്നും യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും റെയില്‍വെ ഒരുക്കുമെന്നും ഡിആര്‍എം സിരീ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *