തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് എതിരെ കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുമെന്ന് പിസി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
മുണ്ടക്കയത്തെ ഹാരിസണ്‍ തോട്ടത്തിലെ പുറമ്ബോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കൈയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടന്നതിനിടെയാണ് എംഎല്‍എ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത്. സമരം ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ജോര്‍ജ് തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ ഹാരിസണ്‍ വെള്ളനാടിയിലെഎസ്റ്റേറ്റിലാണ് സംഭവം. പുറമ്ബോക്കില്‍ താമസിക്കുന്നവരുമായി എംഎല്‍എ സംസാരിക്കുന്നതിനിടയില്‍ തൊഴിലാളികളും മറ്റുചിലരും എത്തി. കുടില്‍ കെട്ടി താമസിക്കുന്നവരുമായി ഇവര്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ പി.സി ജോര്‍ജ് തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ഇത് പിന്‍വലിക്കണെമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ തടഞ്ഞുവെച്ചതോടെയാണ് പി.സി ജോര്‍ജ് ഇവര്‍ക്കുനേരെ തോക്ക് ചൂണ്ടിയത്.
ഹാരിസണ്‍ എസ്റ്റേറ്റില്‍ സമരം ചെയ്യുന്ന ഭൂരഹിതരുടെ പ്രശ്നത്തില്‍ ഇടപെടുന്നതിനാണ് താന്‍ പോയതെന്നും അതിനിടയില്‍ തോട്ടത്തിലെ ഗുണ്ടകള്‍ പ്രശ്നമുണ്ടാക്കുകയുമായിരുന്നെന്നും പിസി. ജോര്‍ജ് പറഞ്ഞു. കുടില്‍ കെട്ടി താമസിക്കുന്ന 52 വീട്ടുകാര്‍ ഇവിടെയുണ്ട്. തങ്ങളുടെ പ്രശ്നത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ പോയത്. എസ്റ്റേറ്റിലെ ഗുണ്ടകള്‍ തങ്ങളെ ആക്രമിക്കുകയാണെന്നായിരുന്നു ഭൂരഹിതരായ സമരക്കാരുടെ പരാതി. സ്ഥലത്തെത്തി കുടില്‍കെട്ടി താമസിക്കുന്നവരുമായി സംസാരിക്കുന്നതിനിടയില്‍ എസ്റ്റേറ്റിലെ ഗുണ്ടകള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഇവര്‍ തന്നെ ചീത്തവിളിച്ചു. തുടര്‍ന്ന് ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. തന്നെ ഇവര്‍ തടഞ്ഞുവെച്ചു. പ്രാണരക്ഷാര്‍ഥമാണ് തോക്കു ചൂണ്ടേണ്ടി വന്നത്- പി.സി ജോര്‍ജ് പറഞ്ഞു.













