തെരേസ മേയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം

ലണ്ടന്‍: തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് ഇന്നലെ പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.

ബ്രെക്‌സിറ്റ് ഉടമ്ബടിയിന്മേലുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരം മാത്രമേ നടക്കൂവെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ്, പരാജയം ഉറപ്പായതോടെ അവസാന നിമിഷം പ്രധാനമന്ത്രി അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു.
ദേശീയ പ്രതിസന്ധിയിലേക്കാണു തെരേസ മേയ് രാജ്യത്തെ നയിക്കുന്നതെന്നും, ബ്രെക്‌സിറ്റിന്മേല്‍ അഭിപ്രായം അറിയിക്കാനുള്ള എംപിമാരുടെ അവസരത്തെ ഒരുമാസത്തേക്കു നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജെറമി കോര്‍ബിന്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പലരും വിമതപക്ഷത്തായിട്ടും പൊരുതി നിന്ന തെരേസ മേയ്ക്ക് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ മറികടക്കുക എളുപ്പമാകില്ല. കേവലം 317 എംപിമാരെ പാര്‍ലമെന്റില്‍ ടോറികള്‍ക്കുള്ളു. ഇതില്‍ 117 പേര്‍ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളെ എതിര്‍ക്കുന്നവരാണ്. ഇതില്‍ത്തന്നെ പകുതിയോളം പേര്‍ പ്രധാനമന്ത്രി മാറണമെന്ന് ശക്തമായ ആഗ്രഹമുള്ളവരുമാണ്.

പരാജയം ഉറപ്പായതിനാല്‍ കഴിഞ്ഞയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവച്ച്‌ ബ്രസല്‍സില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പോയ പ്രധാനമന്ത്രിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളില്‍ നിന്നും കാര്യമായ ഉറപ്പുകള്‍ നേടാനോ ഉടമ്ബടിയില്‍ എന്തെങ്കിലും ഭേദഗതി വരുത്താനോ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇന്നലെ പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാംവാരമേ നടക്കൂ എന്ന് അവര്‍ അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *