തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ നേരത്തെ മജിസ്റ്റീരിയല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ആര്‍ഡിഒയെ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. അതിനു പകരം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ആറുമാസത്തിലേറെ ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.













