‘എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍’; വെടിക്കെട്ട് അപകടത്തില്‍ ആര്‍ ശ്രീലേഖ


തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരങ്ങളിലെ അപകടകരമായ ആഘോഷങ്ങളെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍ എന്ന ചോദ്യമാണ് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നത്.


തൃശൂര്‍ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേര്‍ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ടെന്ന് വച്ചുകൂടെ എന്നും ശ്രീലേഖ പറയുന്നു. തൃശൂരിലെ വെട്ടിക്കെട്ട് സാധന നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം നിയമാനുസൃതമായിരുന്നോ എന്ന സംശയവും മുന്‍ ഡിജിപി ഉയര്‍ത്തുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിച്ച് നടക്കുന്നതാണ് പലപ്പോഴും ഇത്തരം അനാസ്ഥകള്‍ക്ക് കാരണമെന്ന വിമര്‍ശനവും ശ്രീലേഖ പോസ്റ്റില്‍ ഉന്നയിക്കുന്നു.


പോസ്റ്റ് പൂര്‍ണരൂപം-

തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!

പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.

പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?

ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?

എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?

നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?



Sharing is Caring