തൃശൂര്‍: പൂരം വെടിക്കെട്ട് അകല നിന്ന് കണ്ടാല്‍ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ ആരെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദേവസ്വവും പൊലീസും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. ഡി.ജി.പി ആവശ്യപ്പെട്ടതിനെ തുടടര്‍ന്നാണ് നിയന്ത്രണമെന്നും ഇനി ചര്‍ച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു.
വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കുകളിലെ ഇന്ധനം കാലിയാക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനുംപൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു.

ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാന്‍ അവസരമില്ലാതായി. മുകളില്‍ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം. പൊലീസ് നിലപാടിനെതിരെ പൂരപ്രേമികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പൂരത്തിന്‍റെ നിറസാനിധ്യമായ വെടിക്കെട്ടും കുടമാറ്റവും കാണാനുള്ള അവസരം നിഷേധിക്കുന്നത് പൂരപ്രേമികളെ നിരാശരാക്കും.













