തൃശൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബനാഥന്‍ കൊട്ടിലിങ്ങല്‍ കൂട്ടിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ (34), മക്കളായ വൈഗ (എട്ട്), വൈശാഖി (ആറ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സുരേഷിനെ മുറ്റത്തെ മാവില്‍ തൂങ്ങി മരിച്ച നിലയിലും മറ്റ് മൂന്നു പേരെ വീട്ടുവളപ്പിലെ കിണറ്റിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവിയെ നാട്ടുകാര്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിലെ മോട്ടോര്‍ പമ്പിന്റെ കയറില്‍ തൂങ്ങിപ്പിടിച്ച് കിടക്കുകയായിരുന്നു വൈഷ്ണവി. കുട്ടി അപകടനില തരണം ചെയ്തു.

തിങ്കളാഴ്ച രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവര്‍ വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. കുന്നംകുളത്തു നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ധന്യയുടേയും മറ്റ് കുട്ടികളുടേയും മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. വീടിനകത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് എഴുതിയിട്ടുണ്ട്. കടം വീട്ടാന്‍ വീടും സ്ഥലവും വില്‍ക്കാന്‍ കഴിയാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വീടുകളില്‍ ടൈല്‍ വിരിക്കുന്നതിന്റെ കരാര്‍ ജോലിക്കാരനായിരുന്ന സുരേഷ്‌കുമാര്‍ സ്വകാര്യ കുറി നടത്തി പൊളിഞ്ഞാണ് സാമ്പത്തിക പ്രതിസന്ധിയിയത്.

നടുവേദന പിടിപെട്ടതിനെതുടര്‍ന്ന് ഗുരുവായൂരില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കാന്‍ സുരേഷ് കുമാര്‍ ഉറക്കഗുളികകള്‍ കഴിച്ചു, കുട്ടികള്‍ക്കും ഭാര്യയ്ക്കും നല്‍കി. മരണം സംഭവിക്കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ കിണറ്റില്‍ ചാടാന്‍ പ്രേരിപ്പിച്ചതിന് ശേഷം കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞു. ഇതിനു ശേഷമാണ് സുരേഷ്‌കുമാര്‍ മരക്കൊമ്പില്‍ തൂങ്ങിയത്. കുന്നംകുളം ഡിവൈഎസ്പി പി. വിശ്വംഭരന്‍, സിഐ രാജേഷ് കെ. മേനോന്‍, എരുമപ്പെട്ടി എസ്‌ഐ കെ.വി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തലപ്പിള്ളി തഹസില്‍ദാറും സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *