തുലാവര്‍ഷമെത്തി; തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ. കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. കരമന, നെയ്യാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

വരുന്ന ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴലഭിക്കും. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. വടക്കന്‍കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. വരുന്ന ആറ് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴലഭിക്കും. അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍കാരണമായത്. തമിഴ്‌നാട്, തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടിണത്ത് 14 സെന്റിമീറ്റര്‍മഴ കിട്ടി. സാധാരണ മധ്യകേരളത്തിലും തെക്കന്‍കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ലഭിക്കുക. പ്രത്യേകിച്ച് അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയില്‍ തുലാവര്‍ഷം സജീവമാകാറുണ്ട്.

പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷമമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *