തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസിന്; റെക്കോര്‍ഡിട്ട് ഫഹദ് ഫാസില്‍

തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസ് ചെയ്യാനൊരുങ്ങി ഫഹദ് ഫാസില്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഫഹദ് ഫാസിലിന്‍റെ സീയൂ സൂണ്‍ മികച്ച വിജയമായിരുന്നു. അതിന് പിന്നാലെ, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ചിത്രങ്ങളുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇതോടെ, ഒന്നിനു പുറകെ മൂന്ന് ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസിന് എത്തിക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമായി ഫഹദ് ഫാസില്‍ മാറുകയാണ്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും സെപ്തംബറോടെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഇരുളിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. നസീഫ് യൂസുഫ് ഐസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മലയാള സിനിമ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ഷേക്‌സ്പിയറിന്‍റെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് രചന. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *