തീർത്ഥാടത്തിനായി ശബരിമല നടതുറന്നു ; മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നു


മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ വൈകീട്ട് അഞ്ചു മണിയോടെ മേല്‍ശാന്തി ഇ എസ് ശങ്കരന്‍ നമ്പൂതിരിപ്പാട് ശ്രീകോവിൽ നടതുറന്ന് നെയ്യ് വിളക്ക് തെളിച്ച ശേഷം ആചാരപ്രകാരം ആഴിയിലേക്ക് അഗ്‌നിപകര്‍ന്നതോടെയാണ് മണ്ഡലകാലത്തിന് തുടക്കമായത്. തുടർന്ന് മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു.സന്നിധാനം മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങാണ് ആദ്യം നടന്നത്. ചടങ്ങുകൾക്ക്ശേഷം തന്ത്രി പുതിയ മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുത്തു. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി എം.ഇ. മനുനമ്പൂതിരിയുടെ സ്ഥാനാരോഹണവും നടന്നു. രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഇപ്പോഴത്തെ മേല്‍ശാന്തിമാര്‍ പടിയിറങ്ങും.




Sharing is Caring