തീരുമാനം മാറ്റില്ല: വിജയം ശൈലജയുടേതല്ല, കൂട്ടായ്മയുടേത്-വിജയരാഘവന്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ശൈലജ ടീച്ചറെ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. മന്ത്രി സഭയിൽ പുതുമുഖങ്ങൾക്ക് മാത്രം അവസരം നൽകിയാൽ മതിയെന്ന തീരുമാനം പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനം ആണെന്നും വിജയരാഘവൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. വിജയം ശൈലജയുടെത് അല്ല. കൂട്ടായ്മയാണ് ശൈലജയെ മികച്ച മന്ത്രിയാക്കിയത്. ഇ.പിയും ടി.പി രാമകൃഷ്ണനും ഐസകും മികച്ച മന്ത്രിമാരായിരുന്നു.

2016ൽ ശൈലജയും പുതുമുഖമായിരുന്നു. ഒരാളെ മികച്ച മന്ത്രിയാക്കുന്നത് പാർട്ടിയാണ്. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും വിജയരാഘവൻ. ശൈലജ ടീച്ചർക്ക് വേണ്ടിയുള്ള ക്യാമ്പെയ്ൻ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

ഒന്നാം പിണറായി സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശൈലജ ടീച്ചറെ രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി പാർട്ടി ഭേദമന്യേ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *