തിരിഞ്ഞു നോക്കാനാളില്ല, നിരാഹാര സമരം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ധാരണ. ഈ മാസം 21 ഓടു കൂടി സമരം അവസാനിപ്പിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷമെന്നും ബിജെപി അറിയിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് സംഘടനകള്‍ കടുത്ത അമര്‍ഷത്തിലാണ്.ശബരിമല കര്‍മ്മസമിതിക്കൊപ്പം പ്രതിഷേധത്തില്‍ സന്നിധാനത്ത് ബിജെപി പങ്കെടുക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നിരാഹാരം സമരം നടത്താന്‍ ബിജെപി തീരുമാനിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന എഎന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട ശ്രദ്ധ തരുന്നില്ലെന്നു മനസ്സിലാക്കിയതോടു കൂടി രാധാകൃഷ്ണന്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭന്‍,ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നിരാഹാരത്തിനിരുന്നെങ്കിലും ആര്‍ക്കും വിവാദങ്ങള്‍ കാരണം സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സമരവേദിയിലെ സ്റ്റീല്‍ ഗ്ലാസ് പാനീയ വിവാദമാണ് ശോഭയെ സമര വേദിയില്‍ നിന്ന് ഔട്ടാക്കിയത്.തുടര്‍ന്ന് എംടി രമേശ്, ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും തൊടു ന്യായങ്ങള്‍ നിരത്തി ആരും സമരം ഏറ്റെടുക്കാത്ത സ്ഥിതിയിലെത്തി. നിലവില്‍ മോര്‍ച്ച അധ്യക്ഷ വിടി രമയാണ് നിരാഹാരം കിടക്കുന്നത്. ശബരിമല ഹര്‍ജി പരിഗണിക്കുന്ന ജനുവരി 22 ന് സമരം അവസാനിപ്പിക്കാന്‍ നിശ്ചയിച്ച് ബിജെപി തുടര്‍ പദ്ധതികള്‍ ദേശീയ നേതൃത്വത്തോട് ആലോചിച്ചതിന് ശേഷമാകും തീരുമാനിക്കുക. 21ന് അമിത് ഷായോട് ആലോചിച്ചതിന് ശേഷമായിരിക്കും ബാക്കി തീരുമാനങ്ങളെടുക്കുക….

Spread the love

Leave a Reply

Your email address will not be published. Required fields are marked *