തിരിച്ചടിച്ച് ഇന്ത്യ; 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു


നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ ഒരു പാക് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പാക് റേഞ്ചേഴ്സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്.


നിയന്ത്രണ രേഖയിലെ രാഖ്ചിക്രിയിലെ രാവല്‍കോട്ട് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയകാര്യം പാക്കിസ്ഥാന്‍ സമ്മതിച്ചിട്ടില്ല. അതേസമയം നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇന്ത്യന്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീര്യമൃത്യു വരിച്ചിരുന്നു. മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ലാന്‍സ് നായിക് കുല്‍ദീപ് സിങ്, സീപോയ് പ്രഗത് സിങ്, എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊട്ടടുത്ത ദിവസവും പാക്കിസ്ഥാന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘിച്ചിരുന്നു.

ഷാപൂര്‍ മേഖലയിലെ ഇന്ത്യന്‍ സൈനിക തവാളങ്ങള്‍ക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പാക് സൈന്യം പ്രയോഗിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.



Sharing is Caring