തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം


കണ്ണൂര്‍: ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്നാട്ടില്‍ പെരിയോറിന്റെ പ്രതിമയും ആക്രമിക്കപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ആക്രമണം ഗാന്ധി പ്രതിമയ്ക്ക് നേരെ. കണ്ണൂര്‍ തളിപ്പറമ്പില്‍ താലൂക്ക് ഓഫീസ് പരിസരത്തെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. കണ്ണടയും മാലയും തകര്‍ത്തു. രാവിലെ ഏഴുമണിയോടെ അജ്ഞാതനായ വ്യക്തി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.


സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാവി വസ്ത്രമണിഞ്ഞയാള്‍ ആയിരുന്നു കല്ലെറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. താലൂക്കാഫീസ് പരിസരത്തുള്ള ആര്‍ടി ഓഫീസില്‍ വാഹന രജിസ്ട്രേഷന്‍ കാര്യത്തിനായി എത്തിയവരാണ് കല്ലെറിയുന്നത് ആദ്യം കണ്ടത്. അക്രമിയെക്കുറിച്ച്‌ പോലീസിന് ഏകദേശ വിവരം കിട്ടിയിട്ടുണ്ടെന്നും സൂചനകളുണ്ട്.


ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ദക്ഷിണ ത്രിപുരയില്‍ സ്ഥാപിച്ച ലെനിന്റെ പ്രതിമ ബിജെപിക്കാര്‍ ജെസിബി ഉപയോഗിച്ച്‌ പിഴുതു മാറ്റിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടില്‍ പെരിയോറുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നത് വന്‍ വിവാദമായി മാറിയിരുന്നു. പ്രതിമയുടെ മൂക്ക് ആക്രമണത്തില്‍ തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ കോയമ്ബത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെടോള്‍ബോംബേറും ഉണ്ടായി. ഈ സംഭവങ്ങള്‍ക്ക പിന്നാലെയാണ് ഗാന്ധി പ്രതിമ ആക്രമിക്കപ്പെടുന്നത്.



Sharing is Caring