തളര്‍ന്നുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാരുടെ ക്രൂരത; വഴിയില്‍ ഇറക്കി വിട്ട യാത്രക്കാരന്‍ മരിച്ചു

കൊച്ചി : സര്‍വീസ് മുടങ്ങുമെന്ന കാരണം ചൂണ്ടിക്കാട്ടി തളര്‍ന്നു വീണ യാത്രക്കാരനുമായി കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. പല തവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറായില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. യാത്രക്കാര്‍ നടത്തിയ ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ തളര്‍ന്നു വീണ ആളെ വഴിയില്‍ ഇറക്കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശനിയാഴ്ചയാണ് സംഭവം. എം.ജി റോഡില്‍ നിന്നും ആലുവയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ കയറിയ വയനാട് സ്വദേശി ലക്ഷ്മണനാണ് ഷേണായീസ് ബസ് സ്‌റ്റോപ്പിന് അടുത്തുവെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയും ചെയ്തത്. എന്നാല്‍, ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചതെന്നും അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നും ബോധം വീഴുമ്ബോള്‍ എഴുന്നേറ്റ് പൊയ്‌ക്കൊള്ളുമെന്നും ആയിരുന്നു ജീവനക്കാരുടെ പ്രതികരണം.

യാത്രക്കാരന്റെ തര്‍ക്കം സഹിക്കാതായാതോടെ ഇടപ്പള്ളി പള്ളിയ്ക്കു മുന്‍പില്‍ ലക്ഷ്മണനെ ഇറക്കി വിട്ടു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മുക്കാല്‍ മണിക്കൂറോളം പിന്നിട്ടിരുന്നു. അതുകൊണ്ടു തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ലക്ഷ്മണന്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ലക്ഷ്മണന്റെ ബന്ധുക്കള്‍ എളമക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തളര്‍ന്നു വീണ ലക്ഷ്മണനുമായി ആറിലേറെ ആശുപത്രികള്‍ക്ക് മുന്നിലൂടെയാണ് ബസ് യാത്ര ചെയ്തത്. എന്നിട്ടും ബസ് നിര്‍ത്താനോ ഗുരുതരാവസ്ഥയിലായ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനോ ജീവനക്കാര്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *