തല്‍ക്കാലം രാജിയില്ല; തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്


കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തീരുമാനം അവരുടെ ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നും അതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
പ്രശ്നങ്ങള്‍ നിയമപരമായി പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് പെട്ടെന്ന് തന്നെ തീരുമാനമെടുക്കാനാവില്ല. മന്ത്രിഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂട്ടുത്തരവാദിത്വത്തെ കുറിച്ച്‌ ആര്‍ക്കും സംശയം വേണ്ടെന്നും കേള്‍വിയുടെ അടിസ്ഥാനത്തില്‍ രാജിവെപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം അറിയില്ല. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി.തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ട്. അതില്‍ തെറ്റില്ല. അവരുടെ പാര്‍ട്ടി തീരുമാനം വരും വരെ കാത്തിരിക്കണം. അതിന് അവര്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുമായും തോമസ് ചാണ്ടിയുമായും മുഖ്യമന്ത്രി രാവിലെ ചര്‍ച്ച ചെയ്തിരുന്നു.




Sharing is Caring