തലൈവിക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് തമിഴകം കണ്ണീരോടെ വിടനല്‍കി. മറീന ബീച്ചില്‍ വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഹൈന്ദവാചാര പ്രകാരം നടന്ന സംസ്‌ക്കാര ചടങ്ങുകളില്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികല അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു.

ചന്ദനപേടകത്തില്‍വെച്ചാണ് ജയലളിതയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടത്തിയത്. കര-നാവിക-വ്യോമസേനകള്‍ സംസ്‌ക്കാരചടങ്ങില്‍ ആദരമര്‍പ്പിച്ചു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, നിയുക്ത മുഖ്യമന്ത്രി പനീര്‍ശെല്‍വം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എന്നിവരുള്‍പ്പടെ, നിരവധി പ്രമുഖര്‍ സംസ്‌ക്കാരചടങ്ങില്‍ പങ്കെടുത്തു.

നിരവധി സിനിമകളില്‍ ജയലളിതയുടെ നായകനാകുകയും, രാഷ്ട്രീയത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തികയും ചെയ്ത എംജിആറിന്‍റെ സ്മൃതിമണ്ഡപത്തിന് സമീപത്തായാണ് ജയലളിതയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.

രാവിലെ മുതല്‍ രാജാജിഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ജയലളിതയുടെ മൃതദേഹത്തില്‍ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അതിനുശേഷം വൈകുന്നേരം നാലരയോടെയാണ് മറീന ബീച്ചിലെ സംസ്‌ക്കാര സ്ഥലത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചത്. വിലാപയാത്ര കടന്നുപോയ വഴിയില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത(68) ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വെച്ചാണ് അന്തരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ജയലളിതക്ക് ഹൃദയാഘാതം ഉണ്ടായത്. അതിനുശേഷം നില അതീവ ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ദിവസം ചില തമിഴ് ചാനലുകള്‍ ജയലളിത മരിച്ചതായി വാര്‍ത്ത നല്‍കിയിരുന്നെങ്കിലും പിന്നീട് ആശുപത്രി അധികൃതര്‍ അത് നിഷേധിച്ചിരുന്നു.

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും കാരണം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാള്‍ ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടു. ഓക്ടോബര്‍ 12ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഒ പനീര്‍ശെല്‍വത്തിന് നല്‍കി. നവംബര്‍ 19ന് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്നാണ് ജയലളിതയെ ഐ സി യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അണുബാധ ഒഴിവാക്കാനാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. ശ്വാസകോശത്തിലെ അണുബാധ അന്ന് പൂര്‍ണ്ണമായി മാറിയിരുന്നു. ആരോഗ്യ നില വീണ്ടെടുക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് 5.30ഓടെ വീണ്ടും ഹൃദയാഘാതം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *