ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പി. രാമമോഹന റാവുവിന്റെ മകനും എന്‍ഫോഴ്സ്മെന്റ് വലയില്‍. മകന് വിവേകിന്റെ പേരില്‍ ദുബൈയില്‍ 1700 കോടി രൂപയുടെ ഹോട്ടല്‍ ഉണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.
ഇതേ തുടര്‍ന്ന് തിങ്കളാഴ്ച 10 മണിക്ക് ആദായ നികുതി ഓഫിസില്‍ ഹാജരാവാന്‍ വിവേകിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്നു തന്നെ വിവേകിന്റെ അറസ്റ്റും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈയിലെ ഖനി വ്യാപാരിയായ ശേഖര്‍ റെഡ്ഡിയില്‍ നിന്നും 130 കോടി രൂപയും 177 കി.ഗ്രം സ്വര്‍ണവും പിടികൂടിയ സംഭവമാണ് ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവില്‍ അന്വേഷണം എത്തിച്ചത്.

രാമമോഹന റാവു തമിഴ്നാട് ചീഫ് സെക്രട്ടറിയായിരിക്കെ ഖനി വ്യവസായിയായ ശേഖര്‍ റെഡ്ഡിയെ നിയമവിരുദ്ധമായി സഹായിക്കുകയും അയാളുടെ പല വ്യാപാര ഇടപാടില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രാമമോഹന റാവുവിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും ഔദ്യോഗിക വസതിയിലും കര്‍ണാടകയിലെയും ആന്ധ്രയിലെയും 13 കുടുംബാംഗങ്ങളുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ കോടികളുടെ പണവും സ്വര്‍ണവും സ്വത്ത് രേഖകളും അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. വൈകീട്ടോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. പിടിച്ചെടുത്ത സ്വത്ത് രേഖകള്‍ പരിശോധിച്ചപ്പോഴാണ് രാമമോഹന റാവുവിന്റെ മകന് വിവേകിന്റെ പേരില്‍ ദുബൈയില്‍ 1700 കോടി രൂപയുടെ ഹോട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഇതിനു പുറമേ ഇന്ത്യയ്ക്കകത്തും പുറത്തുമായി കോടികളുടെ സമ്പാദ്യത്തിന്റെ രേഖകളും അധികൃതര്‍ക്ക് കണ്ടെത്താനായി. ഇതേ തുടര്‍ന്ന് രാമമോഹന റാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതു വരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും നടത്താത്ത അഴിമതിയും കോടികളുടെ അവിഹിത സ്വത്ത് സമ്പാദ്യവുമാണ് രാമമോഹന റാവു നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഞെഞ്ചുവേദനയെ തുടര്‍ന്ന് രാമമോഹന്‍ റാവുവിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പൂര്‍ണമായും പരിശോധിക്കാനും സ്വത്തുക്കളുടെ വില കണക്കാക്കാനുമായി രാജ്യത്തിന്റെ വിവധി ഭാഗങ്ങളില്‍ നിന്നും 140 റവന്യു ഉദ്യോഗസ്ഥരോട് ഉടന്‍ ചെന്നൈയിലെത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനാണ് വകുപ്പിന്റെ പദ്ധതി. ഇതിനിടെ രാമമോഹന റാവുവിനെ ചീഫ് സെക്രട്ടറിയാക്കാന്‍ വേണ്ടി മുന്‍ തമിഴ്നാട് ഗവര്‍ണര്‍ റോസയ്യയാണ് മുഖ്യമന്ത്രി ജയലളിതയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചു.ഇയാളും മകന് വിവേകും ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് എന്‍ഫോഴ്സ്മെന്റ് കേന്ദ്രങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന രാംമോഹന്‍ റാവു ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയോടു നിരന്തരം മൊബൈലില്‍ സംസാരിച്ചിരുന്നു. തന്റെ കോടികള്‍ വരുന്ന പണം സുരക്ഷിതമായി സ്ഥലത്തേക്ക് മാറ്റാനാണ് രാമമോഹന്‍ റാവു സംസാരിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി.
തമിഴ്നാട്ടിലെ മറ്റു ഐ.എ.എസ് ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ മന്ത്രിമാരും തങ്ങളുടെ കോടികളുടെ അഴിമതി പണം വെളുപ്പിക്കാനായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതേ പറ്റിയും കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു.













