തമിഴ്‌നാടിനെ ഞെട്ടിച്ച്‌ ജാതിക്കൊല: കാലിന്‍മേല്‍ കാല്‍ കയറ്റിവച്ച 3 ദളിതരെ സവര്‍ണര്‍ വെട്ടിക്കൊന്നു


ചെന്നൈ : കാലിന്‍മേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരില്‍ മൂന്ന് ദളിതരെ തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച്‌ ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇത് കണ്ട സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയാണെന്നാരോപിച്ച്‌ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.


ശിവഗംഗ ജില്ലയിലെ കാച്ചത്തനം ഗ്രാമത്തിലാണ് സംഭവം. തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ദളിതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് മൂന്ന് ദളിതരെ സവര്‍ണര്‍ വെട്ടിക്കൊന്നത്. സംഘര്‍ഷത്തില്‍ കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്.


ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്. കഴിഞ്ഞ മെയ് 26നായിരുന്നു തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപതാകത്തിന് കാരണമായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്



Sharing is Caring