തമിഴ്‌നാട് സർക്കാരിന്റെ സാമ്പത്തിക ബജറ്റ് ഇന്ന്

തമിഴ്‌നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10 ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രഖ്യാപനം സ്ത്രീ കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയാണ്. അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഡിഎംകെ അധികാരത്തിൽ വന്ന് രണ്ട് വർഷത്തിലേറെയായിട്ടും പദ്ധതിയിൽ കൂടുതൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്തിടെ ഈറോഡ് ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ ഈ പദ്ധതിയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ബജറ്റിൽ ചില സുപ്രധാന വകുപ്പുതല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കൾക്ക് തൊഴിൽ വർധിപ്പിക്കുന്നതിനുള്ള പദ്ധതി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ വിവിധ പ്രത്യേക പ്രഖ്യാപനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഒപ്പം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഫെഡറേഷനുകൾക്കായി ബജറ്റിൽ സർക്കാർ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *