തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം: മുന്നില്‍ നഗരസഭകള്‍

തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വഹണം ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ നഗരസഭകളുടെ മുന്നേറ്റം. നഗരസഭകള്‍ ഇതിനകം 19.91 ശതമാനം ഫണ്ട് ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 19.32 ശതമാനവും, ബ്ലോക്ക് പഞ്ചായത്തുകള്‍ 16.34 ശതമാനവും പൂര്‍ത്തീകരിച്ചു. കോര്‍പറേഷനുകള്‍ 13.80 ശതമാനം പൂര്‍ത്തീകരിച്ചപ്പോള്‍ ഏറ്റവും പിറകിലുള്ള ജില്ലാ പഞ്ചായത്തുകള്‍ 10.39 ശതമാനം മാത്രമാണ് ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിച്ചത് 17.27 ശതമാനമാണ്. 6162.51 കോടി അടങ്കല്‍ തുകയില്‍ 1064 കോടി രൂപ ചെലവഴിച്ചു.
അതേസമയം സാമ്പത്തിക വര്‍ഷം ആറ് മാസം കഴിഞ്ഞപ്പോള്‍ വാര്‍ഷിക പദ്ധതിയില്‍ 123 തദ്ദേശസ്ഥാപനങ്ങള്‍ പത്ത് ശതമാനം പൂര്‍ത്തീകരിച്ചിട്ടില്ല. ഇതില്‍ 76 ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും എട്ട് നഗരസഭകളും ഏഴ് ജില്ലാ പഞ്ചായത്തുകളും രണ്ട് കോര്‍പറേഷനുകളുമാണുള്ളത്. കോര്‍പറേഷനുകളില്‍ തിരുവനന്തപുരവും തൃശ്ശൂരുമാണ് ഏറ്റവും പിന്നില്‍. നഗരസഭകളില്‍ കൂത്താട്ടുകുളവും ചെര്‍പ്പുളശ്ശേരിയുമാണ് ഏറ്റവും പിന്നിലുള്ളത്. കാസര്‍കോട്, കോട്ടയം ജില്ലാ പഞ്ചായത്തുകള്‍ രണ്ട് ശതമാനം തുക പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളില്‍ പള്ളുരുത്തിയും സുല്‍ത്താന്‍ ബത്തേരിയുമാണ് ഏറ്റവും പിറകില്‍.
നെല്ലിയാമ്പതി, മേലുകാവ്, എടമലക്കുടി പഞ്ചായത്തുകളുടെ ചെലവ് ഇതുവരെയായി അഞ്ചു ശതമാനമെത്തിയിട്ടില്ല. കൊല്ലം കോര്‍പറേഷന്‍, ആലുവ നഗരസഭ, വയനാട് ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കണിച്ചാര്‍ പഞ്ചായത്ത് എന്നിവരാണ് പദ്ധതി നടത്തിപ്പില്‍ മുന്‍നിരയിലുള്ളത്. സംസ്ഥാനത്താകെ 1200 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ശരാശരി വാര്‍ഷിക പദ്ധതി ചെലവ് 17.16 ശതമാനമാണ്. വാര്‍ഷിക പദ്ധതികള്‍ക്കായി നീക്കിവച്ച 6162.51 കോടി രൂപയില്‍ ഇതുവരെയായി 1057.31 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2.27 ശതമാനം ഫണ്ട് മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം പദ്ധതി നിര്‍വഹണം 10 ശതമാനത്തിന് മുകളിലെത്തിയത് നവംബറിലായിരുന്നു.
പദ്ധതി രൂപവല്‍ക്കരണം, ഡാറ്റാ എന്‍ട്രി, ഡി.പി.സി അംഗീകാരം, സാങ്കേതികാനുമതി തുടങ്ങിയ നടപടികള്‍ക്കെല്ലാം കൃത്യമായ സമയക്രമം സര്‍ക്കാര്‍ നിശ്ചിയിച്ച് ഓരോ പാദവാര്‍ഷികത്തിലും 25 ശതമാനം വീതം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പദ്ധതിത്തുക ഒന്നിച്ച് ചെലവഴിക്കുന്ന രീതിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. ഇതിനെതിരേ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തയാറായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *