തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍


തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവാവിന് ഒപ്പമുണ്ടായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആന ആക്രമിക്കാന്‍ ഒരുങ്ങിയപ്പോഴാണ് വെടിവച്ചതെന്നും അത് അബദ്ധത്തില്‍ ടോണി മാത്യുവിനു കൊള്ളുകയായിരുന്നെന്നും പ്രതികള്‍ പോലീസിനു മൊഴി നല്‍കി.


സംഭവം നടന്ന അന്നുമുതല്‍ അജീഷും ഷൈറ്റും ഒളിവിലായിരുന്നു. അതിനിടെ ടോണിക്കു വെടിയേറ്റതു സ്ഥലത്തു നിന്ന് പൊലീസിനു കിട്ടിയ തോക്കില്‍ നിന്നല്ല എന്ന സൂചനയും പൊലീസ് നല്‍കിയിരുന്നു. വെടിയേറ്റ തോക്ക് ഒളിവില്‍ പോയ അജീഷും ഷൈറ്റും സ്ഥലത്തു നിന്ന് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ കൈവശം രണ്ടു തോക്ക് ഉണ്ടായിരുന്നതായും കരുതുന്നുണ്ട്. വെടിയേറ്റതു മറ്റൊരു തോക്കില്‍ നിന്നാണെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.


കഴിഞ്ഞ ബുധനാഴ്ചയാണ് തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) ന്റെ മകന്‍ ടോണി (25)യെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരുന്നു ടോണി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ടോണിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടോണി മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. ടോണിയോടെപ്പമുണ്ടായിരുന്ന സുഹൃത്ത് ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസിലി (32)നെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.



Sharing is Caring