തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; കനത്ത സുരക്ഷ

ശബരിമല: തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ആറന്മുളയില്‍ നിന്ന് മൂന്ന് ദിവസം മുമ്പാണ് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ പമമ്പയിലെ ഗണപതിക്ഷേത്രത്തിന് മുന്നിലെ നടപ്പന്തലില്‍ തങ്ക അങ്കി ദര്‍ശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. മൂന്നുമണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക.

വൈകീട്ട് ആറേകാലോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. പതിനെട്ടാംപടിക്കു താഴെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ആചാരപൂര്‍വം തങ്ക അങ്കി സ്വീകരിക്കും. ശേഷം തങ്ക അങ്കി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

തങ്ക അങ്കി ഘോഷയാത്ര ശരംകുത്തി കടന്നതിനു ശേഷമേ പിന്നീട് അയ്യപ്പന്മാരെ കടത്തിവിടുകയുള്ളു. ദീപാരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെത്തുന്നുണ്ട്.

കനത്തസുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണിത്. നിലവിലെ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അനുവദിക്കാനാവില്ലെന്നു കാണിച്ച് സന്നിധാനത്തിന്റെ ചുമതലയുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ തന്നെ പ്രവേശനത്തിന് യുവതികളെത്തിയാല്‍ അതിന് അവരെ അനുവദിക്കാനുള്ള സാധ്യത കുറവാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *