ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍. വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് കേജരിവാള്‍ പ്രഖ്യാപിച്ചു. 201 നും 400 ഇടയില്‍ യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് 50 ശതമാനം സബ്സിഡിയോടെ നേര്‍പകുതിയാക്കി. “ഫ്രീ ലൈഫ്ലൈന് ഇലക്ട്രിസിറ്റി” പദ്ധതി പ്രകാരം, ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ ബില്ലില്ല.
രാജ്യത്തെ ഏറ്റവും വൈദ്യുതി നിരക്ക് കുറഞ്ഞ സംസ്ഥാനം ഇന്ന് ഡല്‍ഹിയാണെന്ന് കേജരിവാള്‍ പറഞ്ഞു. ഈ ചരിത്ര തീരുമാനം സാധാരണക്കാരനെ സഹായിക്കുന്നതാണ്. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നതില്‍ ആരും ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടു സാധാരണക്കാരന് ഇതായിക്കൂട. ഈ നടപടി എടുത്തതില്‍ തെറ്റുണ്ടോയെന്നും കേജരിവാള്‍ ചോദിച്ചു.














