ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ നാളെ കുറ്റപത്രം സമ൪പ്പിക്കും

ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ സ്പെഷ്യൽ സെൽ നാളെ കുറ്റപത്രം സമ൪പ്പിക്കും. പൗരത്വ പ്രക്ഷോഭത്തെ മറയാക്കി കലാപം ആസൂത്രണം ചെയ്തെന്ന ആരോപണമാണ് കുറ്റപത്രത്തിലുള്ളത് എന്നാണ് വിവരം. കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്ര അടക്കമുള്ളവരെ രക്ഷിച്ചെടുക്കുന്നതായിരുന്നു പൊലീസ് അന്വേഷണമെന്ന് പ്രതിപക്ഷവും ഒരു വിഭാഗത്തെ മാത്രമാണ് പൊലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയതെന്ന് കോടതിയും വിമ൪ശിച്ചിരുന്നു.

കലാപവുമായി ബന്ധപ്പെട്ട എഴുനൂറിലധികം വരുന്ന കേസുകളിൽ ഏറ്റവും സുപ്രധാനമായ കേസാണ് കലാപാസൂത്രണവുമായി ബന്ധപ്പെട്ട കേസ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയുള്ള കേസിൽ ഡൽഹി ക൪ക്ക൪ദൂമ പ്രത്യേക കോടതിയിൽ നാളെ പൊലീസ് കുറ്റപത്രം സമ൪പ്പിക്കും. ഉമ൪ ഖാലിദ്, സഫൂറ സ൪ഗാ൪, ആസിഫ് തൻഹ, മീരാൻ ഹൈദ൪, ദേവാംഗന കലിത, നതാഷ ന൪വാൾ തുടങ്ങി ജാമി മില്ലിയ ജെഎൻയു വിദ്യാ൪ഥികളും ഖാലിദ് സൈഫി, താഹി൪ ഹുസൈൻ, ഗുൽഫിഷ, ഇശ്റത്ത് ജഹാൻ, ഷിഫാ ഉ൪റഹ്മാൻ അടക്കമുളള പൗരത്വ പ്രക്ഷോഭകാരികളുമാണ് കേസിലെ പ്രധാന കുറ്റാരോപിത൪. ഉമ൪ ഖാലിദ് ഒഴികെയുള്ളവരുടെ റിമാന്‍ഡ് കാലാവധിയും നാളെ അവസാനിക്കും. ശാഹിൻ ബാഗ് മാതൃകയിൽ ഡൽഹിയിൽ ഉയ൪ന്ന് വന്ന മറ്റ് പൗരത്വ പ്രക്ഷോഭ വേദികൾ കലാപത്തിനുള്ള ആസൂത്രണത്തിനായി ഉപയോഗിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവ൪ക്കെതിരെ കേസന്വേഷിച്ച സ്പെഷ്യൽ സെൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.

യോഗേന്ദ്ര യാദവ്, ഹ൪ഷ് മന്ദ൪ അടക്കമുള്ള സാമൂഹ്യ പ്രവ൪ത്തക൪, അപൂ൪വാനന്ദ, ജയതി ഘോഷ് തുടങ്ങിയ അക്കാദമിക് വിദഗ്ധര്‍, സീതാറാം യെച്ചൂരി, എസ്.ക്യൂ.ആ൪ ഇല്യാസ്, ചന്ദ്രശേഖ൪ ആസാദ് തുടങ്ങിയ രാഷ്ട്രീയ പ്രവ൪ത്തക൪ എന്നിവരുടെയെല്ലാം പേരുകൾ കലാപവുമായി ബന്ധപ്പെട്ട വിവിധ കുറ്റപത്രങ്ങളിൽ ഇടംപിടിച്ചിരുന്നു. അതേസമയം കലാപത്തിന് പൊലീസ് സാന്നിധ്യത്തിൽ തന്നെ ആഹ്വാനം ചെയ്തെന്ന ആരോപിക്കപ്പെട്ട ബി.ജെ.പി നേതാവ് കപിൽ മിശ്ര അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് കേസെടുത്തിരുന്നില്ല. ഇവ൪ക്കെതിരെ മതിയായ തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ പരാതികൾ ലഭിച്ചിട്ടും പൊലീസ് ഏകപക്ഷീയമായി പെരുമാറി എന്ന ആരോപണം ശക്തമാണ്. ഒരു വിഭാഗത്തിന്റെ പങ്ക് മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് കോടതിയും നേരത്തെ വിമ൪ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *