ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ല: കെ ബി ഗണേഷ് കുമാർ

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല.

ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസൻസ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സർക്കാർ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആർ ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സർക്കാർ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ടെന്നും സർക്കാർ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സർക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യിൽ വെച്ചാൽ മതിയെന്നും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *