ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയിൽ ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ.

വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമന്‍സ് നൽകിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇന്നലെ ഉച്ചയോടു കൂടി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യംചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട് എന്ന സൂചനകള്‍ കസ്റ്റംസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.

രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ആയിരുന്നു ആദ്യം നോട്ടീസ് അയച്ചിരുന്നത്. മാര്‍ച്ച് 12 ന് ഹാജരാകണമെന്നായിരുന്നു നോട്ടീസ്. തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു അദ്ദേഹം. ഈ മാസം എട്ടിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു പിന്നീട്. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ട്, അതുകൊണ്ട് ഹാജരാകാന്‍ കഴിയില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തി മൊഴിയെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരുമെന്ന് കസ്റ്റംസ് സ്പീക്കറെ അറിയിച്ചതായാണ് സൂചന.

യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *