‘ആ ഉപ്പയുടേയും ഉമ്മയുടേയും വേദന കണ്ടുനില്‍ക്കാന്‍ കഴിയില്ല’; മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി, കെ സുധാകരന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്. നേതാക്കള്‍ ബന്ധുക്കളുമായി സംസാരിച്ചു. അതിവൈകാരികമായിട്ടാണ് നേതാക്കള്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്. എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അതിന് കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സാധാരണഗതിയില്‍ ലോക്കല്‍പൊലീസ് അന്വേഷിച്ച് കഴിഞ്ഞാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന സ്ഥിതിയാണ്. അതും പാര്‍ട്ടിയോട് ഏറ്റവും അടുത്ത ബന്ധമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ കൈയ്യിലേക്ക്. തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് ഈ ശ്രമം.’ രമേശ് ചെന്നിത്തല പറഞ്ഞു.

നിലവിലെ അന്വേഷണം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. ഏതറ്റം വരേയും പോയി നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരേ കൊലപാതകം ആസൂത്രിതം ചെയ്ത് നടപ്പിലാക്കുന്ന രീതിയാണ് തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മന്‍സൂര്‍ കൊലപാതകകേസില്‍ ഇതുവരേയും രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കുന്ന അനീഷ് ഒതയോത്താണ് ഒടുവില്‍ പിടിയിലായത്.
പൊലീസിന്റെ എഫ്ഐആറില്‍ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്. കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിവൈഎഫ്ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *