ഡോക്‌ലാം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കണമെന്ന് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ പതിനഞ്ച് പേജോളം വരുന്ന പ്രസ്താവനയിലാണ് ചൈന ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ കഴിഞ്ഞയാഴ്ച ബീജിങിലെത്തി ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷവും ചൈന ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് അസ്വാഭാവികമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ സ്ഥലത്ത് അതിക്രമിച്ച് കയറിയിരിക്കുന്നു എന്ന ആരോപണത്തെ സാധൂകരിക്കാന്‍ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പടെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഡോക്‌ലാമിലെ റോഡ് നിര്‍മ്മാണം തടയാന്‍ 270 ഇന്ത്യന്‍ സൈനികര്‍ അവിടെ തമ്പടിച്ചിരിക്കുകയായിരുന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ സൈനികരുടെ എണ്ണം 400 ആയി ഉയര്‍ന്നിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.
ഭൂപടത്തിന് പുറമേ രണ്ട് ചിത്രങ്ങളും 1890ലെ കരാറിന്റെ പകര്‍പ്പും പ്രസ്താവനയ്ക്കൊപ്പമുണ്ട്. എത്രയും വേഗം സൈനികരെ പ്രദേശത്ത് നിന്ന് പിന്‍വലിക്കണമെന്നും കടന്നുകയറ്റത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് പ്രസ്താവനയിലൂടെ ചൈന വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.













