ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്; അറസ്റ്റിലായ ഇബി തട്ടിപ്പുകളുടെ തോഴി


ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ചശേഷം ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസില്‍ അറസ്റ്റിലായ കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്നു വിളിക്കുന്ന ഇബി ഇബ്രാഹിം (30) തട്ടിപ്പുകള്‍ പതിവാക്കിയ ആളെന്ന് പോലീസ്.
ഇവര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പുകള്‍ നടത്താനായി ഇവര്‍ക്ക് പുരുഷ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരില്‍ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും പോലീസ് ഇബിയില്‍ നിന്നും പിടിച്ചെടുത്തു.തട്ടിപ്പിലൂടെ നേടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി.
ഉടന്‍ തുടങ്ങുന്ന ആശുപത്രിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് ഇവര്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രൂപ കൈക്കലാക്കിയത്. കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കാളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇബിയെ പിടികൂടിയത്.
എ.സിമാരായ വി. സുരേഷ്കുമാര്‍, പ്രമോദ്കുമാര്‍, സി.ഐ സി. ബിനുകുമാര്‍, എസ്.ഐ ബിജോയ്, ജയശങ്കര്‍, അനില്‍, അശ്വതി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.




Sharing is Caring