കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെഎസ്യു നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എഫ്ഐആർ.പെൺകുട്ടികളെ അസഭ്യം വിളിച്ചുവെന്നും സംഘർഷത്തിനിടെ തന്റെ കാൽ തല്ലിയൊടിച്ചു എന്നും ഷാജിയുടെ പരാതി.
മാള പോലീസ് ആണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് കെഎസ്യു പ്രവർത്തകർ റിമാന്റിലാണ്. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.അതേസമയം കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്.

കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.ആംബുലൻസ് വിളിച്ചുവരുത്തി ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാള സിഐയുടെ നേതൃത്വത്തിലാണ് മർദ്ദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.













