ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോർട്ട് ഈ വര്‍ഷം

ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.

5ജി ഇന്റര്‍നെറ്റ് ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും.ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. നഗരമേഖലയിലുള്ളതുപോലെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഗ്രാമീണ മേഖലകളിലും ലഭ്യമാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കും.

ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഈ വര്‍ഷം നടപ്പാക്കും.

Also Read: എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും; തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക

നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി നടപ്പാക്കും. വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍ ഉണ്ടാവും. എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും.

1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും.

പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പ്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നീ നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റെന്നു മന്ത്രി പറഞ്ഞു.

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക തുക വകയിരുത്തും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. 2000 കിലോ മീറ്റര്‍ കൂടി ചേര്‍ത്ത് റെയില്‍വെ ശൃംഖല വികസിപ്പിക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കും.

കാര്‍ഷികമേഖലയുടെ മുന്‍തൂക്കം ലക്ഷ്യമിടുന്ന ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. കര്‍ഷകര്‍ക്കു പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്.

Also Read: Budget 2022 Live Updates: ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം; സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. അഞ്ച് നദികളെ സംയോജിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി പര്‍വത് മാലാ പദ്ധതിയും ബജറ്റിലുണ്ട്.

അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ബ്ലൂ പ്രിന്റാണ് ബജറ്റെന്നു പറഞ്ഞ നിര്‍മല സീതാരാമന്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തിലും സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതാണെന്നു പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരം ആരംഭിച്ചത്. കോവിഡിനെ നേരിടാന്‍ രാജ്യം തയാറാണ്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *