ഡല്‍ഹി മെട്രോ യാത്രാ നിരക്കുകള്‍ ഡിഎംആര്‍സി വര്‍ധിപ്പിച്ചു; ജനദ്രോഹമെന്ന് ആം ആദ്മി സര്‍ക്കാര്‍


ഡല്‍ഹി മെട്രോ യാത്ര നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ എതിര്‍പ്പുമായി ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍. യാത്ര നിരക്ക് വര്‍ധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്നും ഡിഎംആര്‍സി തീരുമാനം പിന്‍വലിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.


ട്വിറ്ററിലാണ് കെജ്രിവാള്‍ പ്രതികരണമറിയിച്ചത്. ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന തീരുമാനത്തില്‍ ഡിഎംആര്‍സിയുമായി ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കണമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗാലട്ടിനോട് ആവശ്യപ്പെട്ടുവെന്നും കെജ്രിവാള്‍ അറിയിച്ചു. നിരക്ക് വര്‍ധനയില്‍ ഒരാഴ്ച്ചയ്ക്കകം പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ മെയ്യില്‍ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഒക്ടോബര്‍ പത്തോട് രണ്ടാം ഘട്ട നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് ഡിഎംആര്‍സി അറിയിച്ചത്. മെട്രൊയുടെ മിനിമം നിരക്ക് പത്തുരൂപയില്‍ കൂടുതല്‍ കൂട്ടില്ലെന്ന് ഡിഎംആര്‍സി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധനയും 45,000 കോടിയുടെ കടവുമാണ് നിരക്ക് കൂട്ടാന്‍ ഡിഎംആര്‍സിയെ നിര്‍ബന്ധിതമാക്കിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring