ഡല്‍ഹിയില്‍ വീണ്ടും പുകമഞ്ഞ്, ആശങ്കയുയര്‍ത്തി പൊടിക്കാറ്റും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടര്‍ത്തി വീണ്ടും പുകമഞ്ഞും പൊടിക്കാറ്റും വ്യാപകമാകുന്നു. അടുത്ത ദിവസങ്ങളില്‍ വായുമലിനീകരണം വര്‍ദ്ധിക്കാമെന്നും ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. നഗരത്തില്‍ അമിതമായ ചൂട് അനുഭവപ്പെടുന്നതായും വിവരമുണ്ട്. കഴിഞ്ഞ നവംബറില്‍ നഗരത്തിനെ ബാധിച്ച പുകമഞ്ഞിനേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും വായുമലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് കടക്കുകയാണെന്നുമാണ് വിവരം.

ഇന്ന് മുഴുവന്‍ നഗരത്തില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിലും തുടരും. മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്ന് താപനില 41 ഡിഗ്രീ സെല്‍സഷ്യസിലേക്ക് ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

അടുത്തിടെ രാജസ്ഥാനിലുണ്ടായ പൊടിക്കാറ്റില്‍ നൂറോളം പേര്‍ മരിച്ച സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റിന്റെ വ്യാപ്‌തി കുറയ്‌ക്കാന്‍ വെള്ളം തളിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രധാന കണ്‍സ്ട്രഷന്‍ കമ്ബനികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ അവസ്ഥ നാല് ദിവസത്തോളം നീണ്ടുനില്‍ക്കുമെന്നും ജനങ്ങള്‍ക്ക് ശ്വാസതടസം നേരിടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *