ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഡെല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാധിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടം സ്വദേശി കെ ലക്ഷ്മണനെയാണ് (36) കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ഡെല്‍ഹി യുവതിയെ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ലക്ഷ്മണന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.


ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. യുവതി ബര്‍ത്തില്‍ ഉറങ്ങുമ്പോള്‍ ലക്ഷ്മണന്‍ കടന്നുപിടിക്കുകയാണ് ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവും ഇതേകോച്ചില്‍ യാത്രചെയ്യുകയായിരുന്നു. യുവതിയുടെ ബഹളത്തെതുടര്‍ന്ന് മറ്റുയാത്രക്കാര്‍ ലക്ഷ്മണനെ കയ്യോടെ പിടികൂടുകയും റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.


ട്രെയിന്‍ കണ്ണൂര്‍ എത്തിയതോടെ ലക്ഷ്മണനെ യാത്രക്കാര്‍ റെയില്‍വേ പോലീസിന് കൈമാറി. തുടര്‍ന്ന് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റുരേഖപ്പെടുത്തുകയുമായിരുന്നു.



Sharing is Caring