ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം തനിച്ചോ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യു.ഡി.എഫ് മദ്യനയം രൂപീകരിച്ചത് എങ്ങനെയാണെന്ന് ബാര്‍ അഴിമതി പുറത്തു വന്നതിലൂടെ എല്ലാവരും കണ്ടതാണ്. അത്തരം അഴിമതിക്ക് ഇടയാക്കുന്ന നയങ്ങള്‍ എല്‍ഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.
ഏപ്രില്‍ ഒന്നിനു മുന്‍പ് ഇടതു മുന്നണി ചര്‍ച്ച ചെയ്ത് നയം പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു. മദ്യ ഉപഭോഗം സംബന്ധിച്ച് വിവിധ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ടൂറിസം വകുപ്പ് നടത്തിയ പഠനവും ഉണ്ട്. പാതയോര മദ്യശാലകള്‍ വിലക്കിയ സുപ്രീംകോടതി ഉത്തരവുണ്ട്. ടൂറിസം വകുപ്പ് നടത്തിയ പഠനവും ഉണ്ട്. ഈ വിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയതായി ഇപ്പോള്‍ റിപ്പോര്‍ട്ടുണ്ട്.

ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ നടക്കുന ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.













