ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് വീണ്ടും: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായ അപേക്ഷയ്ക്കൊപ്പം നല്‍കിയത് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൌണ്ട് നമ്പര്‍

തിരുവനന്തപുരത്ത് വീണ്ടും വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതിവികസന വകുപ്പ് ഓഫീസിലാണ് തട്ടിപ്പ് നടന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങൾ തട്ടിയെടുത്തു. ഒരു വര്‍ഷത്തോളമായി നടന്ന തട്ടിപ്പില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. സീനിയര്‍ ക്ലര്‍ക്ക് യു ആര്‍ രാഹുല്‍, ഫീല്‍ഡ് പ്രമോട്ടര്‍ സംഗീത എന്നിവര്‍ക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്.

പട്ടികജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനും അനുവദിക്കുന്ന ധനസഹായമാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ അപേക്ഷയില്‍ അവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ അക്കൌണ്ട് നമ്പര്‍ മാറ്റി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

രാഹുല്‍ ഇങ്ങനെ നാല് ലക്ഷത്തോളം രൂപയും സംഗീത രണ്ടേ മുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള ഇടപാടിലാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിട്ടുള്ളത്. അതിന് മുമ്പുള്ള ഇടപാടുകള്‍ പരിശോധിച്ച് വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *