ട്രംപിന് പറയാനുള്ള പശ്ചിമേഷ്യന്‍ വിജയം

മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ പേരിന് പോലും പറയേണ്ട ബാധ്യതയില്ലാത്തവരാണ് ജി.സി.സി രാജ്യങ്ങളിലെ കുടുംബാധിപത്യ ഭരണകൂടങ്ങള്‍. വൈദ്യശാസ്ത്രം പരാജയപ്പെടുന്ന നിമിഷം വരെ സമഗ്രാധികാരത്തോടെ രാജ്യം ഭരിക്കുന്ന പടു കിഴവന്‍മാരില്‍ നിന്ന് ആദ്യമായി ഇരുപതുകളില്‍ നില്‍ക്കുന്ന കിരീടാവകാശികളിലേക്ക് അധികാരം എത്തുന്നത് രണ്ടായിരത്തിന് ശേഷമാണ്.

മറുവശത്ത് ജനങ്ങളാണെങ്കില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വഴി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വാഴ്ത്ത് പാട്ടുകളല്ലാത്ത വാര്‍ത്തകള്‍ അറിഞ്ഞ് തുടങ്ങുകയും ചെയ്തു.

നൂറ്റാണ്ട് പഴക്കമുള്ള പ്രാകൃത ഭരണ സമ്പ്രദായത്തിന്റെ അമരത്ത് അങ്ങേയറ്റം ഹിംസാത്മകവും അതിലേറെ ബുദ്ധിശൂന്യരും എടുത്ത് ചാട്ടക്കാരുമായ ‘കിരീടാവകാശികളും’ തങ്ങളുടെ അവകാശങ്ങള്‍ എത്ര ഭീകരമായാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന് കൃത്യമായി തിരിച്ചറിഞ്ഞ പുതു തലമുറയും തമ്മിലുള്ള സംഘര്‍ഷാത്മകമായ ഏറ്റുമുട്ടലുകളാണ് 2011 ലെ അറബ് വസന്തവും പിന്നീട് നടന്ന രക്തരൂക്ഷിത ആഭ്യന്തര കലാപങ്ങളുടെയും പശ്ചാത്തലംസൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇയില്‍ മുഹമ്മദ് ബിന്‍ സായിദും ഭീകര അധികാരശേഷിയോടെ മേഖലയിലുടനീളം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തരായി രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്കും അധികാര ശേഷി വ്യാപിപ്പിക്കാന്‍ ശ്രമിച്ചു.

ഡൊണ്‍ള്‍ഡ് ട്രംപ്, നെതന്യാഹു എന്നിങ്ങനെയുള്ള രണ്ട് വിശ്വസ്ത പങ്കാളികളുടെ പിന്തുണ കൂടിയായപ്പോള്‍ നീക്കങ്ങള്‍ കൂടുതല്‍ ചടുലമായി. വാഷിങ്ടണിലെ യു.എ.ഇ അംബാസിഡര്‍ യൂസുഫ് അല്‍ ഒതയ്ബയും ട്രംപിന്റെ മരുമകനും ഫലത്തില്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങളുടെ സൂത്രധാരനുമായ ജാരദ് ക്രൂഷ്‌നറും നിര്‍ണായകമായ അമേരിക്കന്‍ പരിരക്ഷ ഉറപ്പു വരുത്തി.

Sovereign wealth fund വഴിയുള്ള നിക്ഷേപമായും ലോബിയിംഗ് ഗ്രൂപ്പിനുള്ള ചാര്‍ജായും ആയുധക്കരാറായുമെല്ലാം പെട്രോള്‍ ഡോളര്‍ അമേരിക്കയിലേക്കൊഴുകി, ഒരു വിഹിതം യൂറോപ്പിലേക്കുംസാമ്പത്തിക മാന്ദ്യവും മറ്റ് തൊല്ലകളുമായി ബുദ്ധിമുട്ടുകയായിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പണമൊഴുക്ക് വലിയ ആശ്വാസമായെങ്കില്‍ ഈ ഹിംസാത്മക നയത്തിന്റെ ഇരകള്‍ പശ്ചിമേഷ്യയിലെ ജനങ്ങളായിരുന്നു. യമന്‍, ലിബിയ, ഈജിപ്ത്, ലെബനന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ രാഷ്ട്രീയമോ സൈനികമോ ആയ ഇടപെടലുകള്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറി.

ചിലയിടങ്ങളില്‍ സൗദിക്ക് നേതൃത്വവും യു.എ.ഇ ജൂനിയര്‍ പാര്‍ട്ട്‌നറുമാണെങ്കില്‍ മറ്റിടങ്ങളില്‍ തിരിച്ചാണ്. കാശ് കൊണ്ട് മാത്രം യുദ്ധം ജയിക്കാന്‍ പറ്റാത്തതിനാല്‍ എല്ലാം തകര്‍ത്തതല്ലാതെ ഒരിടത്തും ഇതേ വരെ വിജയിക്കാനായിട്ടില്ല.

മറു വശത്ത് ഇറാനാണെങ്കില്‍ സമാന രീതിയില്‍ അപകടകരമായ വിദേശ നയങ്ങളുമായി മുന്നോട്ട് പോവുന്നു. രാജ്യത്തെ ജനാധിപത്യമെന്നത് നാമമാത്രവും അധികാര ശേഷിയില്‍ ശിയാ വംശീയതയുടെ പ്രതിരൂപമായ മത പൗരോഹിത്യത്തിന്റെ മുന്നില്‍ നിസ്സാരവുമാണ്.

സിറിയയില്‍ തീര്‍ത്തും സമാധാനപരമായി തുടങ്ങിയ ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും പതിനായിരങ്ങളെ കൊല്ലാനും ബാഷര്‍ അല്‍ അസദിന് ഏറ്റവും വലിയ പിന്തുണയായത് ഇറാനായിരുന്നു.

ഇറാഖിലാണെങ്കില്‍ ഇറാന്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കിടയില്‍ കിടന്ന് ജനം നട്ടം തിരിയുന്നു. സൗദി-യു.എ.ഇ സഖ്യത്തില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ് ഇറാന്‍ രീതി.

അവരുമായി മത്സരിക്കാന്‍ മാത്രം കാശില്ല, പിന്നെ മേഖലയിലുടനീളം വിവിധ പേരുകളിലും കോലങ്ങളിലുമായി നില്‍ക്കുന്ന മിലീഷ്യകള്‍ ഉണ്ട് താനും. ഇവര്‍ വഴിയാണ് കൂടുതലും കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.

സിറിയയെ കൂടാതെ ജനസംഖ്യയിലും അധികാരത്തിലും ശിയാ ഭൂരിപക്ഷമുള്ള ഇറാഖ്, രണ്ടിലും നിര്‍ണായക സ്വാധീനമുള്ള ലെബനന്‍, അധികാരത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തപ്പെട്ടാലും ജനസംഖ്യയില്‍ വന്‍ ശിയാ ഭൂരിപക്ഷമുള്ള ബഹ്‌റയിന്‍, പിന്നെ സൌദിയുടെ എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യകളിലെ ശിയാ ഭൂരിപക്ഷം… എല്ലാം ചേര്‍ന്ന വിശാല ‘ശിയാ ബെല്‍റ്റാണ്’ ആത്യന്തിക ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *